തെരുവു നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തെരുവു നായകളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപകമായി ഇവയെ ആളുകള്‍ കൊലപ്പെടുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
‘തെരുവു നായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെ’ന്ന് പോസ്റ്റില്‍ പറയുന്നു.
സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കര്‍മ പദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ വാക്സിനേഷന് നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കള്‍ക്കും ഷെല്‍ട്ടര്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കര്‍മ പദ്ധതിയില്‍ പറയുന്നു.
തെരുവു മാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.


