പാലക്കാട് : എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമെന്ന് പാലക്കാട് എസ്പി ആര് വിശ്വനാഥ് പറഞ്ഞു. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലയില്‍ എല്ലായിടങ്ങളിലും പൊലീസ് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കൂടുതല്‍ നിരീക്ഷണം ശക്തമാക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ നിലവില്‍ അഞ്ച് സിഐമാരുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുബൈറിന് ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. കൃത്യത്തിന് ഉപയോഗിച്ച കാറിന്റെ വിവരം അന്വേഷിച്ചുവരികയാണെന്നും എസ്പി വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്
പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സഞ്ജിത്തിന്റെ കാര്‍ അവിടെ ഉപേക്ഷിച്ച് പോയത് തന്നെ ആ കൊലപാകത്തിന് പകരം വീട്ടിയെന്ന നിലയിലാണെന്നും എസ്ഡിപിഐ ആരോപിക്കുന്നു.


