തൃശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി എത്തിയത്. അന്വേഷണം അവസാനഘട്ടത്തിൽ ആയിരിക്കുമ്പോൾ ആണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം സുരേന്ദ്രനെ വിളിച്ച് വരുത്തിയിരിക്കുന്നത്.
ഹോട്ടലില്‍ നിന്ന് പുറപ്പെട്ട സുരേന്ദ്രന് പാര്‍ട്ടി ഓഫീസിലേക്കാണ് ആദ്യം പോയത്. തുടർന്ന് ഇവിടെ നിന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി പോലീസ് ക്ലബ്ബിലേക്ക് പോയി. ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗരത്തിലാകെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല ഊടുവഴികും ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുകയാണ്. കനത്ത പൊലീസ് കാവലിലാണ് തൃശൂർ നഗരം.
സുരേന്ദ്രനോട് ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ വരാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴിന് രണ്ടാമത്തെ നോട്ടീസ് നല്‍കുകയായിരുന്നു.