ഹൈദരാബാദ്: അന്ത്യകര്‍മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ 93കാരന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് കൊച്ചുമകന്. വാറങ്കലില്‍ പര്‍കാലയിലാണ് സംഭവം. വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
93കാരനും 24കാരനായ കൊച്ചുമകന് നിഖിലും വാടകവീട്ടിലായിരുന്നു താമസം. വയോധികന്റെ പെന്ഷന് തുകകൊണ്ടായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന മുത്തച്ഛൻ മൂന്നുദിവസം മുമ്പ് ആണ് മരണപ്പെട്ടത്. ആദ്യം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഫ്രിഡ്ജിലേക്ക് മാറ്റുകയായിരുന്നു.
അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മൃതദേഹം സൂക്ഷിച്ചുവെച്ചതെന്നും നിഖില്‍ പൊലീസിനോട് പറഞ്ഞു. മുത്തച്ഛൻ്റെ പെന്ഷന് മുടങ്ങാതിരിക്കാനാണോ മൃതദേഹം ഒളിപ്പിച്ച് വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.


