പത്തനംതിട്ട: മൂഴിയാര്‍ കൊച്ചാണ്ടിയില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.സംഭവത്തില്‍ ഇയാളുടെ ഭാര്യാസഹോദരന്‍ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചാണ്ടി സ്വദേശി അജിയെയാണ് തിങ്കളാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകളില്‍ പോലീസിന് സംശയം തോന്നിയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാല് ദിവസമായി മഹേഷ് സ്ഥലത്തുനിന്ന് മാറി നില്ക്കുന്നതായി ശ്രദ്ധയില്‍പെട്ടു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാളെ പിടികൂടിയത്.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തേതുടര്‍ന്ന് കമ്പിപാരകൊണ്ട് മഹേഷ് അജിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. മഹേഷ് വനത്തിനുള്ളില്‍ കള്ളവാറ്റ് തയാറാക്കിവച്ചിരുന്നു. ഇത് ഇയാളറിയാതെ അജി എടുത്ത് കുടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു.