ബംഗുളൂരു: കർണാടകയില്‍ വയോധികനായ ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റില്‍. മംഗുളൂരുവിലെ കുല്ശേഖറിലാണ് സംഭവം.
87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് ക്രൂരപീഡനമേറ്റത്. പത്മനാഭയുടെ മകന്റെ ഭാര്യ ഉമാ ശങ്കരിയാണ് ക്രൂരത കാണിച്ചത്. ഉമാ ശങ്കരി ഒരു സ്റ്റീല്‍ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് പത്മനാഭയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മർദനത്തില്‍ ഗുരുതര പരിക്കേറ്റ പത്മനാഭ മംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്മനാഭയുടെ മകള്‍ നല്കിയ പരാതിയെ തുടർന്നാണ് കർണാടക ഇലക്ട്രിസിറ്റി ബോർഡില്‍ (കെഇബി) ജോലി ചെയ്തിരുന്ന ഉമാ ശങ്കരിയെ അറസ്റ്റ് ചെയ്തത്.
പത്മനാഭയുടെ ശരീരത്ത് നിരവധി മുറിവുകളുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ പിടിഐയോട് പറഞ്ഞു. പത്മനാഭയുടെ മകൻ വിദേശത്താണ് ജോലി ചെയ്യുന്നത്.


