ന്യൂഡല്‍ഹി: ഹണിട്രാപ്പ് കേസില്‍ പ്രമുഖ യൂട്യൂബ് വ്ളോഗര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അശ്ലീലവീഡിയോ പകര്‍ത്തുകയും ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പരസ്യകമ്പനി ഉടമയായ വ്യവസായിയില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്. നവംബര്‍ 14നാണ് വ്യവസായി നംറക്കെതിരെ പരാതി നല്‍കിയത്.
ബിസിനസ് പ്രൊമോഷന് നടത്തുന്നതിനായാണ് വ്യവസായി നംറയെ പരിചയപ്പെട്ടത്. പ്രൊമോഷനായി രണ്ടര ലക്ഷം രൂപ നംറ അഡ്വാന്‍സായി വാങ്ങിച്ചു. എന്നാല്‍ പണം വാങ്ങിയിട്ടും പ്രൊമോഷനായി വീഡിയോ ചെയ്തില്ല. ഇതിനെ ചോദ്യം ചെയ്തതോടെയാണ് നംറ ഹണിട്രാപ്പ് ഒരുക്കി വ്യവസായിയില്‍ നിന്ന് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. നംറ തന്നെ ഹോട്ടലില്‍ വിളിച്ചു വരുത്തി മയക്കുമരുന്നു നല്കി അശ്ലീലവീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വ്യവസായിയുടെ പരാതി. ഭര്‍ത്താവ് വിരാട് ബെനിവാളിന്റെ ഒത്താശയോടെയാണ് നംറ തട്ടിപ്പു നടത്തിയതെന്നും കേസിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബറാണ് നംറ ഖാദിര്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്.