തിരുവനന്തപുരം: സിപിഎം നേതാവിനെ അജ്ഞാത സംഘം വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചു. വെഞ്ഞാറമൂട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയും മാണിക്കോട് ശിവക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമായ വെഞ്ഞാറമൂട് വയ്യേറ്റ് തിരുവടിയില്‍ വീട്ടില്‍ പി വാമദേവന്‍പിള്ള(62)യ്ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ അഞ്ചംഗസംഘമെന്ന് സൂചന.
സംഭവം ഇങ്ങനെ:
വ്യാഴാഴ്ച്ച രാത്രി 9.30 ക്കായിരുന്നു സംഭവം. മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ് രാത്രി 9 നാണ് വാമദേവന്‍പിള്ള വീട്ടിലെത്തിയത്. ഇതിന് പിന്നാലെ അജ്ഞാത സംഘം വിളിച്ച് പുറത്തിറക്കി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിനടുത്തെത്തിയ വാമദേവന്പിള്ളയോട് മനപ്പൂര്‍വ്വം തട്ടിക്കയറി വഴക്കുണ്ടാക്കി കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇരുകൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍കോളേജിലും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നിലധികം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നുവെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.


