തലശ്ശേരി പാലയാട് കാമ്പസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലന് ഷുഹൈബ് കസ്റ്റഡിയില്‍. ധര്‍മ്മടം പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അബിന്‍ സുബിനെ അലന് ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി.
വിദ്യാര്‍ത്ഥിയെ ക്യാമ്പസിന് മുന്നില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പരുക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന് ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എതിരേയാണ് പരാതി നല്‍കിയത്.
എന്നാല്‍ തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് അലന്റെ പ്രതികരണം. എസ്എഫ്ഐ കള്ളം ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അലന് ഷുഹൈബ് പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷത്തെ ക്യാംപസ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വോട്ട് ചെയ്യാതിരുന്ന മുര്‍ഷിദ് എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥിയെ ബാത്ത്റൂമില്‍ കൊണ്ട് പോയി നിലവിലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയതില്‍ പ്രകോപിതരായ എസ്എഫ്ഐ റാഗിംങ് കേസില്‍ കുടുക്കുമെന്ന് അന്നേ ഭീഷണിപ്പെടുത്തിയിരുന്നു.’ അതാണ് നിലവില്‍ സംഭവിച്ചിരിക്കുന്നതെന്നുമാണ് അലന് ഷുഹൈബ് പറഞ്ഞത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അലനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തി.
അതേസമയം ഇരവാദം ഉന്നയിച്ച് ക്യാമ്പസില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ് അലന് ഷുഹൈബ് ഉള്‍പ്പെടെയുള്ളവര്‍ എന്നാണ് എസ്എഫ്ഐ യുടെ മറുപടി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മനപൂര്‍വം സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ റാഗിങ് പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ പരാതി പോലീസിന് കൈമാറുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.


