ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 132 കടന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നു. അതുകൊണ്ടു തന്നെ ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ഭീതി. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ സംഘത്തില്‍ എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കമുണ്ടാകും.
അഹമ്മദാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ പേരാണ് പാലം തകര്‍ന്നതിനെ തുടര്‍ന്ന് നദിയില്‍ പതിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി.
അഞ്ചു ദിവസം മുന്‍പാണ് പുതുക്കി പണിത പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. മോര്‍ബിയയിലെ മച്ചു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ബ്രിട്ടിഷ് കാലത്തു നിര്‍മിച്ച 140 വര്‍ഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികള്‍ക്കായി 6 മാസം അടച്ചിട്ടിരുന്നു. അപകടം നടക്കുമ്പോള്‍ അഞ്ഞൂറോളം പേര് പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേര് പുഴയില്‍ വീണതായാണ് സംശയം. 170 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.


