ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോര്‍ട്ട്.
അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസര്‍ അലി ശഹബാന്‍ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളികളാണ് ഇവര്‍. എന്നാല്‍ ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തില്‍ നിന്നാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഒസിസിആര്‍പി ലേഖനത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍ ഫണ്ട് ചെയ്യുന്നതെന്നും ഒസിസിആര്‍പി പറയുന്നു.
ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്‍പി പറയുന്നു.
ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒസിസിആര്‍പി).