ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയായ ശേഷം കുറ്റവിമുക്തയായ ഫൗസിയ ഹസന് (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസന്റെ മരണ വിവരം മാലി സര്‍ക്കാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു അന്ത്യം.
1994 നവമ്പര്‍ മുതല്‍ 1997 വരെ ഐ എസ് ആര് ഒ ചാരക്കേസിന്റെ ഭാഗമായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലമായി ഇവര്‍ ശ്രീലങ്കയിലാണ് താമസം. 35 വര്‍ഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഒഫിസറായി പ്രവര്‍ത്തിച്ചിരുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഫൗസിയ ഹസനായിരുന്നു രണ്ടാം പ്രതി. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയായിരുന്നു. ഇവരും 1994 മുതല്‍ 1997 വരെ കേരളത്തില്‍ ജയില്‍ വാസം അനുഭവിച്ചിരുന്നു.
1942 ജനുവരി 8നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ശ്രീലങ്കയിലെ കൊളംബോ പോളിടെക്നിക്കില്‍ പഠിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ 1957 കാലഘട്ടത്തില്‍ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.


