കൊച്ചി: സംസ്ഥാനത്ത് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. മൂവാറ്റുപുഴയില്‍ അടുത്ത കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് കര്‍ഷകര്‍ ജീവനൊടുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക മരണം തുടര്‍ക്കഥയാകുകയാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. സര്‍ക്കാര്‍ കര്‍ഷക വിഷയത്തില്‍ കണ്ണുതുറക്കുന്നില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നത് അങ്ങേയറ്റം കുറ്റകരമായ അനാസ്ഥയാണെന്നും എംഎല്‍എ വിമര്‍ശിച്ചു.
ഇനിയും എത്ര കര്‍ഷക ജീവനുകള്‍ പൊലിഞ്ഞാലാണ് സര്‍ക്കാരിന്റെ കണ്ണ് തുറക്കുക. പൊതുമേഖല ബാങ്കുകള്‍ ഒരു കരുണയുമില്ലാതെ കര്‍ഷക വായ്പകള്‍ക്കെതിരെ ജപ്തി നടപടികള്‍ തുടരുകയാണ്. വിചിത്രമായ കാര്യം സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന സഹകരണ ബാങ്കുകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പൊതുമേഖല ബാങ്കുകളെ മറികടക്കും വിധം സഹകരണ ബാങ്കുകളും കര്‍ഷകരെ വേട്ടയാടുകയാണെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
സഹകരണ വകുപ്പിന്റെ കീഴലുള്ള 54 അര്‍ബന്‍ ബാങ്കുകള്‍ 2018 ല്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ കാലം മുതല്‍ ഇതുവരെ 68,357 ഡിമാന്‍ഡ് നോട്ടീസുകള്‍ സര്‍ഫെയ്സി നിയമ പ്രകാരം അയച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ സ്ഥിരീകരിച്ചു. എന്നാല്‍ 3,76,324 രൂപ മാത്രമാണ് കര്‍ഷകരില്‍ നിന്നും ബാങ്കുകള്‍ക്ക് പിരിച്ചെടുക്കാന്‍ കഴിഞ്ഞത്.
നിയമസഭയില്‍ മാത്യു കുഴല്‍ നാടന്റെ നക്ഷത്രമിടാത്ത ചോദ്യത്തിന് സര്‍ക്കാര്‍ നല്കിയ മറുപടിയും എംഎല്‍എ പത്രസമ്മേളനത്തില്‍ ഹാജരാക്കി.
ജപ്തി നടപടിയടക്കം വന്നാലും കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാനുള്ള സാഹചര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൂടാതെ 5226 സ്ഥലങ്ങളുടെ ജപ്തി നടപടികള്‍ സര്‍ഫെയ്സി പ്രകാരം നടന്നു കഴിഞ്ഞു. കുടുംബങ്ങള്‍ അവരുടെ കിടപ്പാടമടക്കം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ്. ഇത്രയും കര്‍ഷക ആത്മഹത്യകള്‍ അവരുടെ ദയനീയ അവസ്ഥയുടെ സൂചനമാത്രമാണ്. സര്‍ഫേസി നിയമ പ്രകാരം കാര്‍ഷിക വായ്പകളില്‍ മേല്‍ ജപ്തി നടപടികള്‍ പാടില്ലെന്നിരിക്കെയാണ് കര്‍ഷക വേട്ട ബാങ്കുകളും സര്‍ക്കാരും തുടരുന്നതെന്ന് എംഎല്‍എ ചൂണ്ടികാട്ടി. പൈനാപ്പിള്‍ കര്ഷകന് സര്‍ഫേസി പ്രകാരം നല്കിയ നോട്ടീസും എംഎല്‍എ പത്രസമ്മേളനത്തില്‍ ഹാജരാക്കി.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ ആഴം സര്‍ക്കാര്‍ മനസിലാക്കുന്നില്ല. ഇത് ഗുരുതരമായ ഭവിഷത്തുകളിലേക്ക് നയിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സര്‍ഫെയ്സി പ്രകാരമുള്ള ജപ്തി നടപടികള്‍ ഉടന്‍ തന്നെ നിര്‍ത്തിവെക്കാന്‍ സഹകരണ ബാങ്കുകളോട് നിര്‍ദേശിക്കുകയും പൊതുമേഖലാ ബാങ്കകുളുടെ സംസ്ഥാനതല കമ്മറ്റിയായ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റി വിളിച്ച് കര്‍ഷക വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ബാങ്കിങ് സമിതിയോട് ആവശ്യപ്പെടുണം. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉന്നയിച്ച് നടപടികള്‍ക്കായി പരിശ്രമിക്കുകയും വേണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.


