മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. ഭക്തര്‍ക്ക് നാളെ മുതലാണ് പ്രവേശനം. പുലര്‍ച്ചെ നാല് മണി മുതല്‍ തീര്‍ത്ഥാടകരെ കരിമല വഴി കടത്തി വിടും. ജനുവരി 14നാണ് മകര വിളക്ക്.
41 ദിവസം നീണ്ട് നിന്ന മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ശബരിമല നട തുറക്കുന്നത്. മകര വിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കല്‍, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ശിവഗിരി തീര്‍ത്ഥാടന മഹാസംഗമത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇതിനിടെ മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മാത്രമല്ല മാളികപ്പുറം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകള്‍ തുറക്കും. അഞ്ച് ലക്ഷം ടിന് അരവണ കരുതല്‍ ശേഖരവുമായി ഉണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട കലക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.


