തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മ്മിക്കുന്നത് ദീനദയാല്‍ജി സ്വപ്നം കണ്ട ഇന്ത്യയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീന്‍ദയാലിന്റെ ആശയങ്ങള്‍ എന്നും പ്രസക്തമാണ്. ഇന്ത്യന്‍ രാജനൈതിക രംഗത്ത് അനിവാര്യമായിരുന്ന പരിഷ്ക്കാര ചിന്തകള്‍ക്ക് അടിത്തറയിട്ട നേതാവായിട്ടു വേണം അദ്ദേഹത്തെ വിലയിരുത്താന്‍. ദീന്‍ദയാലിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ട് എന്ന് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ തെളിയിക്കുകയാണ്. ആത്മീയതയിലൂന്നിയ ജനാധിപത്യം വിഭാവനം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു. സമ്പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിര്‍മ്മിതി സാധ്യമാണെന്ന് ദീനദയാല്‍ജി തെളിയിച്ചെന്നും സുരേന്ദ്രന് പറഞ്ഞു.
അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കെ. രാമന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാവണം പുരുഷാര്‍ത്ഥങ്ങള്‍ നേടേണ്ടതെന്നായിരുന്നു ദീന്‍ദയാല്‍ജിയുടെ ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സന്ദേശമായിരുന്നു.
ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിറഞ്ഞ സ്വന്തം ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് രാഷ്ട്രസേവനത്തില്‍ മുഴുകി രാഷ്ട്ര നിര്‍മ്മാണ ശില്പിയായി മാറുകയാണ് ദീന്‍ദയാല്‍ജി ചെയ്തതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.