കൊച്ചി: പിറവം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി സിപിഐഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍സി മോഹനന്, സികെ മണിശങ്കര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിഎന്‍ സുന്ദരന്‍, പികെ സോമന്, വിപി ശശീന്ദ്രന്, വൈറ്റില ഏരിയ സെക്രട്ടറി കെഡി വിന്‍സെന്റ്, പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി പിഎം സലിം, പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എംഐ ബീരാസ്, സാജു പോള്‍, ആര് എം രാമചന്ദ്രന്, കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയിലെ പാര്‍ടി അംഗങ്ങളായ അരുണ്‍ സത്യന്, അരുണ്‍ വി മോഹന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അംഗമായ സിബിഎ ജബ്ബാറിനെ തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.
ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടു കമീഷനുകളെ നിയോഗിച്ചിരുന്നു. സി എം ദിനേശ്മണി, പിഎം ഇസ്മയില്‍ എന്നിവര്‍ പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളെക്കുറിച്ചും ഗോപി കോട്ടമുറിക്കല്‍, കെ ജെ ജേക്കബ് എന്നിവര്‍ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളെക്കുറിച്ചുമാണ് അന്വേഷിച്ചത്.
അന്വേഷണ കമീഷന് റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്ത് പാര്‍ക്കി ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് അറിയിച്ചു.


