പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
ഇതിനു പുറമേ, ശശി തരൂര്‍ വിഷയത്തില്‍ തുടര്‍ പ്രതികരണങ്ങള്‍ പാടില്ലെന്നും നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്കി. കൊടിക്കുന്നില്‍ സുരേഷിന് താക്കീത് നല്‍കിയും പരസ്യ പ്രസ്താവനക്ക് വിലക്കേര്‍പ്പെടുത്തിയും ശശി തരൂര്‍ അധ്യായം കെപിസിസി അടച്ചു. പാര്‍ട്ടിയിലെ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് കൊടിക്കുന്നിലിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം താക്കീത് ചെയ്തത്. തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്നും നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്കി.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതില്‍ സംസ്ഥാനത്തെ രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട സംഭവം കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുകയും നിലപാടെടുക്കുകയും ചെയ്തിരുന്നു. കത്ത് പരസ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന പി ജെ കുര്യന്റെ വിശദീകരണം അംഗീകരിച്ച രാഷ്ട്രീകാര്യ സമിതി, ശശി തരൂരിന്റെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിഷയം പരസ്യ ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയോ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ പ്രതികൂലമാക്കുകയോ ചെയ്യരുതെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ.
ഇതിനിടെയാണ് രൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നില്‍ സുരേഷ് ശശി തരൂരിനെ പരസ്യമായി വിമര്‍ശിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ കൂടി ഉണ്ടായതോടെ പാര്‍ട്ടിയിലെ തര്‍ക്കം വലിയ മാധ്യമ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇതിലേക്ക് വഴിവെച്ചതിനാണ് കൊടിക്കുന്നിലിനെ സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയത്.
പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിധത്തില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി അനാവശ്യ വിഴുപ്പലക്കല്‍ പാടില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.