ഇടുക്കി ഇടമലക്കുടിയിലേക്കുള്ള വ്ലോഗര്‍ സുജിത്ത് ഭക്തന്റെ യാത്രയില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. അനുമതിയില്ലാതെയാണ് വ്ലോഗറുടെ യാത്രയെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇടുക്കി എംപി ഡീന്‍ കുര്യക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിലെത്തിയത്.
ഇതുവരെ കോവിഡ് പിടിപെടാത്ത ഇടമലക്കുടിയിലേക്ക് സുജിത്ത് ഭക്തന് നടത്തിയ യാത്രയാണ് രാഷ്ട്രീയ വിവാദമാമായിരിക്കുന്നത്. കോവിഡിനെതിരെ കര്‍ശന നിയന്ത്രണം തുടരുമ്പോഴും വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് സുജിത്ത് ഇടമലക്കുടിയില്‍ പോയത്.
കോവിഡ് മുക്തമായ ഇടമലക്കുടിയിലേക്ക് പോയ ഇരുവരും മാസ്ക് ഉള്‍പ്പെടടെയുള്ള കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചു. ഇരുവരും മാസ്ക് ധരിക്കാതെ നില്ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
അതേസമയം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടിവി നല്കാന് പോയതാണെന്നാണ് സുജിത്തിന്റെ വിശദീകരണം. ഇടുക്കി എംപിയോടൊപ്പമുള്ള സുജിത്തിന്റെ യാത്രക്കെതിരെ സിപിഎമ്മും വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമാണെന്ന് ഡീന്‍ കുര്യയാക്കോസ് എം.പി പ്രതികരിച്ചു.
വ്ലോഗിനെതിരെ എഐവൈഎഫ് ജില്ല നേതൃത്വം മൂന്നാര്‍ ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുന്‍പും അനധികൃതമായി വിഡിയോ പകര്‍ത്തിയതിന് സുജിത്തിനെതിരെ കേസുണ്ട്. അത്തരം ആരോപണങ്ങളില്‍ കൂടി അന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു.


