കണ്ണൂര്‍: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യ സുനന്ദ വി ഷേണായി (78) മകള്‍ ദീപ (44) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു.
സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൊറ്റാളിക്കാവിന് സമീപം താമസം തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായില്ല. മകള്‍ ദീപ അവിവാഹിതയാണ്.
ഏപ്രില്‍ 26ന് ഇരുവരും വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നു.