ഭാരത് ജോഡോ യാത്ര യഥാര്‍ത്ഥ രാഹുല്‍ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളത്തിലെ സിപിഐഎമ്മും ഡല്‍ഹിയിലെ സംഘപരിവാറും തമ്മില്‍ അവിഹിതമായ ബന്ധമുണ്ട്. അതില്‍ ഇടനിലക്കാരും ഉണ്ട്. ഗവര്‍ണര്‍ സര്‍ക്കാര്‍ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എല്ലോയിപ്പോഴും സംസ്ഥാന സര്‍ക്കാരിനെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും. കേരളത്തില്‍ ഭരണ സ്തംഭനമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചിന്ത ജെറോമിന്റെ പി എച്ച് ഡി വിവാദത്തില്‍ രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല. അത് സിപിഎമ്മും സര്‍വകലാശാലയും പരിശോധിക്കട്ടെ. ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണം ആണ്
ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചു. ബിജെപിയോട് ഒപ്പം ചേര്‍ന്നു. കണ്ടെയ്നര്‍ ജാഥ എന്ന് വിളിച്ചു. ദേശീയ നേതൃത്വത്തേക്കാള്‍ വലിയ നേതൃത്വമായി സംസ്ഥാനം മാറി. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമ്മിന്റെ ചൊല്പ്പടിയില് ആണെന്നും വിഡി സതീശന് പറഞ്ഞു.
‘ഗവര്‍ണറോട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ജോലി ഞങ്ങള്‍ ചെയ്തോളാം. അത് ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല. നിയമനിര്‍മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളെയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗവര്‍ണറുടെയോ സര്‍ക്കാരിന്റെ പക്ഷം ഞങ്ങള്‍ പിടിക്കില്ല. ഇരുവരും ഒത്തുകളിക്കുകയാണെന്നാണ് അന്നും ഇന്നും ഞങ്ങള്‍ പറയുന്നത്. നയപ്രഖ്യാപനം കഴിഞ്ഞതോടെ അത് ജനങ്ങള്‍ക്കും മനസിലായി’. വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.