പിഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍ പൊലീസ് കസ്റ്റഡിയില്‍. എന്‍ഐഎ സംഘം കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റില്‍ നിന്നുമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അല്പ സമയം മുന്‍പ് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് പൊലീസും കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിഎഫ്ഐ ഹര്‍ത്താലും ബന്ധപ്പെട്ട അക്രമത്തിന് ആഹ്വാനം ചെയ്തതിനുമാണ് അറസ്റ്റ്.
അബ്ദുള്‍ സത്താറിന്റെ വീട്ടിലും കരുനാഗപ്പള്ളിയി കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുന്‍പ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ അബ്ദുള്‍ സത്താര്‍ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയ സത്താര്‍ രാവിലെ മുതല്‍ക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ അനുകൂല സംഘടനകളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
കൊലപാതകങ്ങളും, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെ നിരവധി കാരണങ്ങള്‍ നിരത്തിയാണ് യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെ നിരോധിച്ചിരിക്കുന്ന ഏതെങ്കിലും സംഘടനയുടെ പേരില്‍ ഏത് വിധേനയും ഉള്ള പ്രവര്‍ത്തനം നടത്തുന്നത് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം സംഘടനയില്‍ അംഗത്വമുണ്ട് എന്നത് അറസ്റ്റിനുള്ള കാരണമല്ല.
അതേസമയം നിരോധനം വിശദീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍, വിജ്ഞാപനം യുഎപിഎ ട്രൈബ്യൂണലിന് നല്‍കും. ഇതിനായി മുപ്പത് ദിവസം വരെ സമയമുണ്ട്. ഈ ട്രൈബ്യൂണല്‍ മുന്‍പാകെ തങ്ങളുടെ വിലക്കിനെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് തെളിവുകള്‍ ഹാജരാക്കാം.
വിദേശ തീവ്രവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിനുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് ട്രൈബ്യൂണലിന് വിലക്ക് ശരി വെയ്ക്കാനും അല്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടാനും 6 മാസം സമയം ഉണ്ട്. നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ നടക്കുന്ന യുഎപിഎ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


