ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റര്‍. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.
ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ ഗ്രൂപ്പുകള്‍ക്കുള്ളില്‍ അതൃപ്തി പുകയുമ്പോഴാണ് പലയിടത്തും പ്രതിഷേധം ഉയരുന്നത്. തിരുവനന്തപുരത്ത് പാലോട് രവി അന്തിമപ്പട്ടികയില്‍ ഇടം നേടിയതിനെതിരെ പരാതി ഉയര്‍ന്നു കഴിഞ്ഞു.
ഇതിനിടെ പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മത്സരിച്ച തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചെന്ന് കെപിസിസിയുടെ അന്വേഷണ സമിതിക്ക് മുന്‍പാകെ പി.എസ്. പ്രശാന്ത് വ്യക്തമാക്കിയിരുന്നു. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി രഹസ്യ യോഗം ചേര്‍ന്നെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇക്കാര്യം അന്വേഷണ സമിതിയുടെ റിപ്പോര്ട്ടിലുമുണ്ടെന്നാണ് വിവരം.
കാലുവാരിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെ പാലോട് രവിക്ക് പദവി നല്കുന്നതില് ചില മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.


