ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാമെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 22 ന് മുമ്പ് ഔദ്യോഗിക വസതി ഒഴിയണമെന്ന് അറിയിച്ച് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് തുഗ്ലക് ലെയിനിലെ വസതി ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചത്. 2004 ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും വിജയിച്ചത് മുതല്‍ തുടര്‍ച്ചയായി രാഹുല്‍ ഈ വസതിയിലാണ് തുടരുന്നത്.
ഒരു മാസത്തിനകം വീടൊഴിയണം എന്നാവശ്യപ്പെട്ട് ലോക്സഭാ ഹൗസിങ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് നല്‍കിയത്. അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടികൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്നും അയോഗ്യനാക്കിയത്.
അതേസമയം ആവശ്യം വരികയാണെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് താന്‍ സ്വന്തം നിലയ്ക്ക് വീട് നല്‍കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അറിയിച്ചു.
ഖാര്‍ഗേയുടെ വാക്കുകള്‍
രാഹുലിന് അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പമോ അല്ലെങ്കില്‍ തന്റെ ഒപ്പമോ വരാം. രാഹുലിന് വേണ്ടി ഞാന്‍ വീടൊഴിഞ്ഞ് നല്‍കാം. ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ അപലപിക്കുന്നു. എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. മൂന്നോ നാലോ മാസം വീടില്ലാതെ കഴിയേണ്ടി വരുന്ന സാഹചര്യം ജനാധിപത്യത്തിലുണ്ടായിട്ടുണ്ട്. തനിക്കിപ്പോള്‍ ലഭിച്ചിരുന്ന വസതി ലഭിച്ചത് ആറ് മാസങ്ങള്‍ക്ക് ശേഷമാണെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു.


