റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. തലസ്ഥാനമായ പറ്റ്നയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും ബിഹാര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പരീക്ഷാ ക്രമക്കേട് ആരോപിച്ച് റിപബ്ലിക് ദിനത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാര്‍ പാസഞ്ചര്‍ ട്രെയിനിന് തീയിടുകയും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നോണ്‍- ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് (ആര്‍ആര്‍ബി-എന്‍ടിപിസി) പരീക്ഷ രണ്ട് ഘട്ടമായി നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. രണ്ടാം ഘട്ട പരീക്ഷ നടത്തുന്നത്, ആദ്യ ഘട്ടത്തില്‍ വിജയം നേടിയവരോടുള്ള അനീതിയാണെന്നാണ് പരാതി. 2019ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഒരു പരീക്ഷ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ലെവല്‍ 2 മുതല്‍ ലെവല്‍ 6 വരെയുള്ള 35,000ലധികം തസ്തികകളിലേക്കായിരുന്നു പരീക്ഷ. 1.25 കോടി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. 60 ലക്ഷത്തോളം പേര് പരീക്ഷയെഴുതി. പ്രാരംഭ ശമ്പളം പ്രതിമാസം 19,900 മുതല്‍ 35,400 രൂപ വരെയാണ്.


