ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇത് സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഏരിയയിലാണ് സ്ഫോടനം നടന്നത്. ഐഇഡി ഡ്രോണുകളില്‍ എത്തിച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു. സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ്, ഫോറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധന നടത്തുകയാണ്. വ്യോമഗതാഗതം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യോമസേനാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. അതിര്‍ത്തിയിലും വ്യോമസേനാ താവളങ്ങളിലും സുരക്ഷാ ശക്തമാക്കി.
തിരക്കുള്ള സ്ഥലത്ത് ഭീകരാക്രമണം നടത്താനുള്ള ലഷ്കര്‍ ഇ തോയ്ബയുടെ ശ്രമം തകര്‍ത്തതായും ഡിജിപി പറഞ്ഞു. ഒരു ഭീകരനെ പിടികൂടി. വിമാനത്താവളത്തിലെ സ്ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പൊലീസ് കേസെടുത്തു. പ്രതിരോധമന്ത്രി വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എച്ച്.എസ് അറോറയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ബോംബ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. വ്യോമസേന ഉന്നതതല അന്വേഷണ സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണമാരംഭിച്ചു.
പ്രതിരോധ മന്ത്രി ലഡാക്കിലെത്തിയ ദിവസം തന്നെ നടന്ന സ്ഫോടനത്തെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് സ്ഫോടനമുണ്ടായത് എന്നതും നിര്‍ണായകമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെയും ശ്രീനഗറിലെയും വ്യോമതാവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.