പാലക്കാട് കുഴല്‍മന്ദം തേനൂരില്‍ ദുരഭിമാനകൊല കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍. അച്ഛന് പ്രഭു കുമാര്‍, അമ്മാവന് സുരേഷ് എന്നിവരെയാണ് കുഴല്‍ മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികമായും, ജാതീയമായും പിന്നോക്കം നില്ക്കുന്ന അനീഷിന് ഹരിതയെ വിവാഹം ചെയ്ത് തരില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ക്രിസ്തുമസ് ദിനത്തില്‍ വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛന് പ്രഭുകുമാറും അമ്മാവന് സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുന്‍പാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.


