പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും പ്രതിഷേധക്കാര്‍
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചു. താരത്തിനെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്പിക്കും പരാതി. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പൃഥ്വിരാജിന്റെ കോലം കത്തിച്ചത്.
സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്.ആര് ചക്രവര്‍ത്തി പറഞ്ഞു.
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എംഎല്‍എയുമായ വേല്മുരുകന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട് എടുക്കണമെന്നും വേല്മുരുകന് ആവശ്യപ്പെട്ടു.
120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രസ്താവന. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ് പൃഥ്വിരാജിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.