ചാവക്കാട്: പുതുവത്സര പാര്‍ട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളുമായി എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍. ചാവക്കാട് സ്വദേശികളായ ശ്രീരാഖ്, അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ സ്റ്റാമ്പ് എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചാവക്കാട് ഒരുമനയൂരില്‍ രാസ ലഹരി വസ്തുക്കളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റത്തെങ്ങ് പുത്തന്‍പുരയില്‍ ബിന്‍ഷാദിനെ (32)യാണ് അറസ്റ്റ് ചെയ്തത്. 4.30 ഗ്രാം എംഡിഎംഎയും, 2.30 ഗ്രാം ഹഷീഷ് ഒയിലുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വീട്ടില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.ഇയാളെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


