കാസര്‍കോട് കല്ലൂരാവിയിലെ അബ്ദുറഹ്മാന് ഔഫ് വധത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യപ്രതി ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇര്‍ഷാദ്. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ അബ്ദുറഹ്മാന് ഔഫിന്റെ മൃതദേഹം പഴയ കടപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി. കാഞ്ഞങ്ങാട് നിലേശ്വരം നഗരസഭാ പ്രദേശത്ത് ലീഗ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമമുണ്ടായി.
കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാന് ഔഫ് കുത്തേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദിന് കൂടി പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, മുണ്ടത്തോട് സ്വദ്ദേശികളായ ഇസ്ഹാഖ്, ഹസ്സന് എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇസ്ഹാഖ് പൊലീസ് കസ്റ്റഡിയിലാണ്. മംഗളൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇര്‍ഷാദിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹസ്സന് പൊലീസ് പിടിയിലായതായി സൂചനയുണ്ട്. മൂന്ന് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പരിയാരത്ത് നിന്ന് വിലാപയാത്രയായി ജില്ലാ അതിര്ത്തിയാല് എത്തിച്ച മൃതദേഹം കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, അലാമിപള്ളി, പുതിയ കോട്ടാ, കാഞ്ഞങ്ങാട് നഗരം എന്നീ കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. കാഞ്ഞങ്ങാട്ടെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം എസ്.വൈ.എസ് നേതാക്കള്‍ ഏറ്റുവാങ്ങി. അവസാനമായി ബന്ധുക്കള്‍ ഒരുനോക്ക് കണ്ട ശേഷം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ പഴയ ജുമാ മസ്ജിദില്‍ ഖബറടക്കി.


