ആര്യാടന് മുഹമ്മദിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീതനായി മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇന്നത്തെ കേരളത്തില്‍ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടമായിരുന്നുവെന്ന് എ.കെ ആന്റണി പറഞ്ഞു. കേരളത്തില്‍ എന്നെല്ലാം എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നോ, അന്നെല്ലാം പ്രഖ്യാഘാതം നോക്കാതെ അതിനെതിരെ പറയുമായിരുന്നുവെന്ന് എ.കെ ആന്റണി ഓര്‍മിച്ചു. ഭൂരിപക്ഷ വര്‍ഗിയതേയും ന്യൂനപക്ഷ വര്‍ഗീയതേയും ഒരുപോലെ എതിര്‍ത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും എ.കെ ആന്റണി പറഞ്ഞു.
‘ആര്യാടന് മുഹമ്മദിന്റെ വേര്‍പാട് കേരളത്തിനും കോണ്‍ഗ്രസിനും തീരാ നഷ്ടമാണ്. ഇന്നത്തെ കേരളത്തില്‍ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടമായിരുന്നു. ആര്യാടന്റെ അഭാവം ഇന്നത്തെ കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായി ഏറ്റവും ദുഃഖരമായ ഹൃദയബന്ധമുണ്ടായിരുന്ന ആത്മഹ സുഹൃത്തിനെ നഷ്ടമായി. ആര്യാടന്റെ വേര്‍പാട് എന്റെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ബാപ്പുട്ടി ( ആര്യാടന് ഷൗക്കത്ത്) വാവിട്ട് കരഞ്ഞുകൗണ്ട് എന്നെ വിളിച്ച് പറഞ്ഞു വാപ്പ പോയി. ഞാന്‍ പറഞ്ഞു ബാപ്പുട്ടി, നിങ്ങള്‍ക്ക് മാത്രമല്ല എനിക്കും എന്തോ വലിയ നഷ്ടമുണ്ടായിരിക്കുന്നു.
ഓര്‍മകള്‍ ഒരപാടുണ്ട്. പക്ഷേ എല്ലാം പങ്കുവയ്ക്കാന്‍ പറ്റിയ അവസരമല്ല. ആര്യാടന് കോണ്‍ഗ്രസിന് മാത്രമല്ല സംഭാവന ചെയ്തത്. കേരളത്തില്‍ എന്നെല്ലാം എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നോ, അന്നെല്ലാം പ്രഖ്യാഘാതം നോക്കാതെ അതിനെതിരെ പറയുമായിരുന്നു. ഭൂരിപക്ഷ വര്‍ഗിയതേയും ന്യൂനപക്ഷ വര്‍ഗീയതേയും ഒരുപോലെ എതിര്‍ത്തു. അതാണ് ആര്യാടന്റെ പ്രത്യേകത. രാഷ്ട്രീയത്തെ ഭാവിയോ തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളോ അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത്, ഇന്നത്തെ കേരളത്തില്‍ ആര്യാടന് ഉണ്ടാകേണ്ടതായിരുന്നു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം മരിക്കാന്‍ തയാറായിരുന്നു.
കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആദര്‍ശങ്ങള്‍ക്ക് വേണ്ടി പട പൊരുതിയിരുന്ന നേതാവായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയ്ക്കെതിരെ പോരാടിയ അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കെഎസ്യു കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് ആര്യാടന് ഡിസിസി പ്രസിഡന്റാണ്. അന്ന് മുതല്‍ ഞങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. കാര്‍ഷിക തൊഴിലാളി ക്ഷേമ പെന്ഷന് കേരളത്തില്‍ ആദ്യമായി ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തത് അന്നത്തെ തൊഴില്‍ മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദാണ്. ഏതൊരു വിഷയവും ആഴത്തില്‍ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യാടന് മുഹമ്മദ്’- എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 7.30നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.