ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. ഭീകരരെ പിന്തുണയ്ക്കുന്നുവെന്നും ആയുധം നല്‍കുന്നുവെന്നതും ലോകം മുഴുവന്‍ അറിയാമെന്ന് ഇന്ത്യ പറഞ്ഞു. യുഎന്‍ രക്ഷാ കൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണ്. ഉസാമ ബിന്‍ ലാദനുപോലും അഭയം നല്‍കിയെന്നും ഇന്നും രക്തസാക്ഷിയെന്നു പറഞ്ഞ് ആദരിക്കുകയാണെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു.
ജമ്മു-കശ്മീര്‍ എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നും പാകിസ്താന് ജമ്മുകശ്മീരില്‍ ഒരു കാര്യവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി ശ്രമിച്ചതായി ഇന്ത്യ തുറന്നടിച്ചു. ഭീകരവാദം ലോകത്ത് പടരുന്നതിന് കാരണം പാകിസ്താനാണെന്നും പാകിസ്താന്റെ ഭീകരവാദ അനുകൂല നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടാവണമെന്നും ഇന്ത്യ പറഞ്ഞു.
ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടിയാണ് പാകിസ്താന് നിലകൊള്ളുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പാകിസ്താനിലെ ഭീകരവാദം മുഖം വെളിപ്പെടുത്തുന്നുവെന്നും ജമ്മു കാശ്മീര്‍ സമാധാനമായി പുലരുന്നത് പാകിസ്താന് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും ഇന്ത്യ പറഞ്ഞു. സ്നേഹാ ദുബെ ആണ് ഇന്ത്യയ്ക്കുവേണ്ടി മറുപടി നല്‍കിയത്.
ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് യുഎന്നിനെ അഭിസംബോധന ചെയ്തത്. വിര്‍ച്വലായി നടന്ന യോഗത്തില്‍ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാന് ഖാന്റെ പ്രസംഗം.
അഫ്ഗാനിസ്ഥാനിലെ പാകിസ്താന്റെ ഇടപെടലില്‍ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന് ഭീകരതാവളമാക്കരുതെന്ന നിര്‍ദ്ദേശം ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.


