തിരുവനന്തപുരം: ഒളിച്ചും പാത്തുമെത്തിയ വിഷു ബമ്പര്‍ ഭാഗ്യവാന് ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപറ്റി. കോഴിക്കോട് സ്വദേശിയാണ് ഭാഗ്യവാനെന്നാമ് വിവരം. തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ഇയാള്‍ ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോടുള്ള ഒരു ബാങ്ക് മുഖേനെയാണ് ഇയാള്‍ പണം കൈപറ്റിയത്. സമ്മാനാര്‍ഹമായ 12 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇയാള്‍ കൈപറ്റിയത്. ഈ മാസം 22നാണ് ഭാഗ്യവാന് ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറിയുമായി ബാങ്കിനെ സമീപിച്ചത്. തുടര്‍ന്ന് ലോട്ടറി വകുപ്പില്‍നിന്ന് പണം കൈപറ്റുകയായിരുന്നു.
മേയ് 24നാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മലപ്പുറം ചെമ്മാടുള്ള സികെവി ഏജന്‍സിയില്‍നിന്ന് വിറ്റ VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പണം കൈപറ്റണമെന്നാണ് ലോട്ടറി വകുപ്പിന്റെ നിബന്ധന. ഈ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇയാള്‍ ലോട്ടറി ബാങ്കില്‍ സമര്‍പ്പിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ വിഷു ബമ്പര്‍ നേടിയ കന്യാകുമാരി ജില്ലയിലെ മണ്ടക്കാട് സ്വദേശികള്‍ രംഗത്തെത്തിയത് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. 25 കോടിയുടെ ഓണം ബമ്പര്‍ നേടിയ ആള്, തന്നോട് പണം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ഇതിനുശേഷം നറുക്കെടുത്ത ക്രിസ്തുമസ് ബമ്പര്‍ അടിച്ച ആള് പരസ്യമായി രംഗത്തുവന്നതുമില്ല. ഇതിനുപിന്നാലെയാണ് വിഷു ബമ്പര്‍ ജേതാവും പേര് വിവരങ്ങള്‍ രഹസ്യമാക്കിവെച്ച് പണവുമായി മടങ്ങിയത്.