മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ നാലരയോടെയാണ് അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
കഴക്കൂട്ടത്തുനിന്ന് നിയമസഭാംഗമായെങ്കിലും 1977 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് മല്‍സരിക്കാനായി എം.എല്‍. എ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 11 മണിക്ക് കെ.പി.സി.സി ഓഫീസിലും 12 മണിക്ക് ഡി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് പേരുമല മുസ്്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു തലേക്കുന്നില്‍ ബഷീര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അനുസ്മരിച്ചു. സഹപാഠികളായിരുന്നതിനാല് ഏറെക്കാലം നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

