സ്ത്രീകളെ പശുക്കളോട് ഉപമിച്ച ഡി.എം.കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണിയുടെ പ്രസംഗം വിവാദത്തില്‍. വിദേശ പശുക്കളുടെ പാല് കുടിച്ചാണ് സ്ത്രീകള്‍ തടിച്ച് വീപ്പകള്‍ പോലെയായതെന്നായിരുന്നു ലിയോണിയുടെ കണ്ടുപിടിത്തം. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലിയോണിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
പണ്ട് സ്ത്രീകള്‍ മെലിഞ്ഞവരായിരുന്നു. അന്ന് ആകൃതിയൊത്ത ഇടുപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന് ഉപയോഗിക്കുന്നു. ആ പശുക്കളുടെ പാല് കുടിച്ച് സ്ത്രീകള്‍ തടിച്ച് ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടു. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു, അതിനാലാണ് സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്തത്- ലിയോണി പറഞ്ഞു.
പ്രസംഗത്തിനിടെ ഒരു പാര്‍ട്ടിയംഗം അദ്ദേഹത്തെ തടഞ്ഞെങ്കിലും ലിയോണി തന്റെ വിവാദ പ്രസംഗം തുടര്‍ന്നു കൊണ്ടിരുന്നു. നേരത്തെയും വിവാദ പ്രസംഗങ്ങളുടെ പേരില്‍ ലിയോണി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ലിയോണിയുടെ പ്രസംഗത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.