യുവ സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. നയനയുടെ ചുരിദാര്‍, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാന്‍ കൈമാറിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയില്‍ ഇവ കാണാതായത് വിവാദമായിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തില്‍ നിന്നുമെടുത്ത വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെത്തിയില്ല.
മ്യൂസിയം സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകള്‍ കാണാതായത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസുകാര്‍ നടത്തിയ തെരച്ചിലാണ് വസ്തുക്കള്‍ കണ്ടെത്തിയത്.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹത കൂടിയത്.
യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്റെ വീഴ്ചകള്‍ പുതിയ അന്വേഷണ സംഘം നേരത്തെ അക്കമിട്ട് പറഞ്ഞിരുന്നു.


