കോണ്‍ഗ്രസിന്റെ മൃതുഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനില്‍ ആന്റണിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബി.ജെ.പി. മാനസിക നിലയുള്ള സുധാകരന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ഓരോ വിഷയത്തിലെയും പ്രതികരണത്തില്‍ ദാര്‍ശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്.എസ്.എസ്. അനുഭാവ നിലപാട് സ്വീകരിച്ച്, കോണ്‍ഗ്രസിലേക്ക് എത്തിയിരുന്ന ആളുകളെ ബി.ജെ.പിയിലേക്ക് ചേര്‍ക്കുന്നതിന് വേണ്ടിയുള്ള മാനസിക നിലയാണ് കെ.പി.സി.സി. ഉള്‍പ്പെടെ സൃഷ്ടിക്കുന്നത്. ഇതും അതിന്റെ ഉത്പന്നമായി കണ്ടാല്‍ മതിയെന്നു. എം.വി. ഗോവിന്ദന് പറഞ്ഞു..
മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അനില്‍ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു അനിലിന്റെ രാജിപ്രഖ്യാപനം.


