ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് പൊതുവിടത്തില്‍ നൃത്തം ചെയ്ത സംഭവം വിവാദമായതോടെ എസ്.എഫ്.ഐയില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും നീക്കി. ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥനെയും പ്രസിഡന്റ് ജോബിന് ജോസിനെയുമാണ് നീക്കിയത്.
ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഗോകുല്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നവംബര്‍ 11നായിരുന്നു സംഭവം. അന്ന് ജില്ലയില്‍ എസ്.എഫ്.ഐ ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചിരുന്നു.
ജില്ലാ നേതാക്കളായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനു ശേഷം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ യൂണിവേഴ്സിറ്റി കോളജിലേത്തി മദ്യപിച്ച് പൊതുനിരത്തില്‍ നൃത്തം ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂര്‍ നാഗപ്പന് നേരത്തെ തള്ളിയിരുന്നു.
വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാള്‍ക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേമത്തെ ഡിവൈഎഫ്ഐ നേതാവും എസ് എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അഭിജിത്തിനെതിരെ സിപിഐഎം നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണയോടെ പ്രായം മറച്ചുവെച്ചാണ് താന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാന്നതെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അഭിജിത്തിന്റെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.


