പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കടയടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ ധീരമായി ചെറുക്കുന്ന മൊബൈല്‍ ടെക്നീഷ്യന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയര്‍ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ പ്രതിരോധിച്ചത്. കട അടക്കണമെന്ന് പിഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നല്കി. ഇതോടെ പ്രവര്‍ത്തകര്‍ ഭീഷണിയായി.
പിന്നാലെ ആഷാദ് പൊലീസിനെ വിളിക്കാന്‍ തുടങ്ങിയതോടെ കടയിലെ മേശയിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചെറിഞ്ഞ് കടയടപ്പിക്കാന്‍ എത്തിയവര്‍ മടങ്ങി. ആഷാദിന്റെ പരാതിയില്‍ മേല്‍ അക്രമികള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കടയടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലിയെ പ്രതിരോധിക്കുന്ന പയ്യന്നൂരിലെ നാട്ടുകാരുടെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കട അടപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. ഇവരെ കയ്യേറ്റം ചെയ്ത നാട്ടുകാര്‍, സംഘത്തിലുണ്ടായിരുന്ന നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
അതേസമയം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യ വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലും ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു.