തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. തിരുവനന്തപുരം വിമാനത്താവളം ബിഡില്‍ പങ്കെടുക്കാതെ നേടാമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് എന്താണെന്ന് വ്യക്തമാക്കണം. സംസ്ഥാനം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് എടുത്തത്. കോടതിയില്‍ കേസും കൊടുത്തു. എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിക്ക് അനുകൂലമായിരുന്നു. ഷെയ്ക്ക്സ്പിയറിന്റെ ‘ചാപല്യമേ നിന്റെ പേരോ സ്ത്രീ’ എന്ന വാചകം തിരുത്തി ‘കാപട്യമേ നിന്റെ പേരോ ചെന്നിത്തല’ എന്നാക്കി എംപി പ്രദീപ് കുമാര്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു.
വിഡി സതീശന് എംഎല്‍എ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകൊട്ടയില്‍ എറിയണം എന്നും എ പ്രദീപ് കുമാര്‍ എംഎല്‍എ. ചാനലുകളില്‍ ദിവസങ്ങളായി നിരന്തരം പുറത്തുവിട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ് വിഡി സതീശന് ഉന്നയിച്ചത്. അതിലപ്പുറം ഷെക്സ്പിയറിന്റെ കുറച്ച് ഉദ്ധരണികളുമാണ് ഉണ്ടായിരുന്നതെന്നും എംഎല്‍എ പരിഹസിച്ചു.
സംസ്ഥാനത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകുന്ന സര്‍ക്കാരാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ നെഞ്ചുറപ്പോടെ നിലപാടെടുക്കുന്ന സര്‍ക്കാര്‍ കേരളം മാത്രമാണ്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാമെന്ന് കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം തൊഴിലാലികള്‍ക്ക് ഒപ്പം നിന്ന് ചെറുത്തു. അതിപ്പോള്‍ കേരളത്തിന് കൈമാറാനുള്ള നീക്കം നടക്കുന്നു. ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്, തൊഴില്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള നയം തുടങ്ങി എല്ലാത്തിലും സംസ്ഥാനം വിരുദ്ധ നിലപാട് കൈക്കൊണ്ടു.
സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയും, കസ്റ്റംസും, ഇ.ഡിയുമെല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും, കേസില്‍ തീവ്രവാദ ബന്ധത്തെ കുറിച്ച് എന്തുകൊണ്ടാണ് കെഎം ഷാജിയോ വി.ഡി സതീശനോ പറയാത്തതെന്ന് പ്രദീപ് പറഞ്ഞു. തീവ്രവാദ ശക്തികളുമായി പ്രതിപക്ഷത്തിന് പുതുതായി ഉണ്ടാകുന്ന രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായാണ് ഷാജിക്കും സതീശനും ഇതെ കുറിച്ച് പറയാന്‍ സാധിക്കാത്തതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
എല്‍ഡിഎഫിനെതിരെ ആക്ഷേപം ഉന്നയിക്കാന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ അനില്‍ അക്കര എംഎല്‍എ ബിജെപിക്ക് വിവരം കൈമാറിയെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. പിഎസ്സി വിഷയത്തിലെ വിമര്‍ശനത്തിനും പ്രദീപ് തിരിച്ചടിച്ചു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 16,508 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചുവെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


