ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തി വീശി. 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
എംപി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന് പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന് ആരോപിച്ചു. അതേ സമയം വിഷയം പഠിക്കട്ടെയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പിപി ഗഗാറിന് പ്രതികരിച്ചു.
അതേസമയം ഇക്കോ സെന്‍സിറ്റീവ് സോണ്‍ വിധിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രശ്നപരിഹാരം കാണണം എന്നും, ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഈ വിധി പ്രകാരം ദേശീയ പാര്‍ക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് ESZ പരിധിയില്‍ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളള്‍ക്ക് വകവെക്കുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്.
പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാല്‍, ഒരു കിലോമീറ്റര്‍ കുറഞ്ഞത് ESZ നിലനിര്‍ത്തുന്നത് നമ്മുടെ ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാര്‍ഗങ്ങളെ തടസ്സപ്പെടുത്തും, അവരില്‍ പലരും ഈ സംരക്ഷിത പ്രദേശങ്ങളില്‍ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണ്- എന്നും രാഹുല്‍ ഗാന്ധി എം.പി. കത്തില്‍ പറയുന്നു.