ശബരി റെയില്‍ പദ്ധതിക്ക് കേന്ദ്ര ബഡ്ജറ്റില്‍ തുക വകയിരുത്തണം എന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുവാറ്റുപുഴയില്‍ നടത്തുന്ന സത്യാഗ്രഹസമരം പരാജിതന്റെ ജാള്യത മറക്കാനെന്ന് സി.പി.ഐ (എം) എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്. കഴിഞ്ഞ നാലു വര്‍ഷം ശബരി റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കി കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിലുള്ള ജാള്യത മറക്കാനും തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ് ഇപ്പോള്‍ നടത്തുന്ന സമര പ്രഹസനമെന്ന് സിപിഎം വിമര്‍ശിച്ചു.
2019 ല്‍ എംപി ആയതിനു ശേഷം ശബരി റെയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കാര്യക്ഷമമായ യാതൊരുവിധ ഇടപെടലുകളും ഡീന്‍ കുരിയാക്കോസിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ശബരി റെയില്‍ പദ്ധതിയുടെ നടത്തിപ്പിലുള്ള പ്രതിസന്ധിയെന്തെന്ന് മനസ്സിലാക്കുന്നതിനും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളെകൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കുന്നതിനും എം.പി പരാജയപ്പെടുകയായിരുന്നു. ഇപ്പോഴും ശബരി റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ സംബന്ധിച്ച് തികഞ്ഞ അജ്ഞതയാണ് ഡീന്‍ കുര്യാക്കോസിനുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ മൊത്തം പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന് തീരുമാനമെടുക്കുകയും കേന്ദ്രസര്‍ക്കാരുമായി കരാര്വയ്ക്കുകയും ചെയ്തതിന് ശേഷവും പദ്ധതി പുനരുജീവിപ്പിക്കുന്നതിന് യാതൊരുവിധ ഇടപെടലും എംപിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.
സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ വലിയതോതില്‍ ഇടപെടലുകള്‍ ഉണ്ടാകുമ്പോഴും ശബരിറെയില്‍ കടന്നുപോകുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെയുള്ള യുഡിഎഫ് എംപി മാര്‍ കുറ്റകരമായ നിസംഗതയാണ് പുലര്‍ത്തി പോന്നിട്ടുള്ളത്.
ശബരി റെയില്‍ പാതയുടെ കോട്ടയം ജില്ലയിലെ അലൈന്മെന്റ് യുഡിഎഫ് നേതാക്കന്മാര് ഉയര്‍ത്തിയ തര്‍ക്കംമൂലം അന്തിമമാക്കി സമര്‍പ്പിക്കാനാവാതെ വന്നതാണ് പദ്ധതി വൈകാന്‍ ഇടയാക്കിയത്. ഡീന്‍ കുര്യാക്കോസ് എംപി ആയതിനു ശേഷം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
സ്വന്തം കഴിവുകേടും പദ്ധതി സംബന്ധിച്ച അജ്ഞതയും മറച്ചുവെക്കുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനുമായി നടത്തുന്ന സമര നാടകം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി.പി.ഐ (എം) എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി