ബി.പി.സി.എല്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നതിനെതിരെ സെപ്റ്റംബര്‍ 7, 8 തീയതികളില്‍ പണിമുടക്കിന് നടത്തുന്നു. കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ ഒന്നിച്ചാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വകാര്യവല്‍ക്കരണ നീക്കമാണ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം താമസിപ്പിക്കാന്‍ കാരണം.
മുംബൈ റിഫൈനറിയില്‍ 2017 ജനുവരി മുതലും, കൊച്ചിന് റിഫൈനറിയില്‍ 2018 ആഗസ്റ്റ് മുതലും, മാര്‍ക്കറ്റിംഗ് ജീവനക്കാരുടേത് 2018 ജൂണ്‍ മുതലുമാണ് കുടിശികയായത്. മാനേജ്മെന്റ് ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച നിര്‍ത്തിവെക്കുകയും, മാനേജ്മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തിരിക്കുകയാണ്. അന്ത്യശാസനം സ്വീകരിച്ചില്ലെങ്കില്‍ മാനേജ്മെന്റിന്റെ ഓഫറുകളെല്ലാം പിന്‍വലിക്കുമെന്നാണ് നിലപാട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച ഗൈഡ് ലൈനുകള്‍ മാനേജ്മെന്റ് പാലിക്കുന്നില്ല. 5000 കോടിയില്‍പരം രൂപ വാര്‍ഷിക ലാഭം നേടുന്ന, ‘മഹാരത്ന’ പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ബി.പി.സി.എല്‍. ഈ സാഹചര്യത്തില്‍ ശമ്പളം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണെന്നാണ് യൂണിയനുകളുടെ വാദം.
ബി.പി.സി.എല്‍ ജീവനക്കാരുടെ സമരത്തിന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു. കൊച്ചിന് റിഫൈനറിയിലെ പണിമുടക്ക് വിജയിപ്പിക്കാനും, ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും എല്ലാ തൊഴിലാളികളോടും അഭ്യര്‍ത്ഥിച്ചു.


