കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് യാത്രികനായ മരട് സ്വദേശി അനില്‍കുമാറിന് ഗുരുതര പരുക്ക്. അനില്‍കുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്.
നിരത്തില്‍ നിന്നും നാല് മീറ്റര്‍ ഉയരത്തില്‍ കാണുന്ന കേബിളുകള്‍ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു.
ഇത് ആദ്യമായല്ല കൊച്ചിയില്‍ നിന്ന് സമാനമായ അപകടമുണ്ടാവുന്നത്. ഡിസംബര്‍ അവസാനവാരം എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ഇരുചക്രവാഹന യാത്രയ്ക്കിടെ കേബിളില്‍ കുരുങ്ങി പരിക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്ന്ന നിലയിലായിരുന്നു കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണില്‍ കാക്കനാട് അലന് എന്ന 25 കാരന് കേബിള്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.
ജനുവരി ആദ്യവാരത്തില്‍ തൂങ്ങിക്കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി കളമശേരി തേവയ്ക്കലില്‍ വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരിക്കേറ്റത്. കേബിള്‍ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മകനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.


