ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ കുട്ടിക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചെലവായി 25000 രൂപയും കെട്ടിവയ്ക്കണം.
ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്.
തനിക്കും മകള്‍ക്കും നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന് പ്രതികരിച്ചു. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ സിയാദിന്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സര്‍ക്കാര്‍ നിലപാട്. നഷ്ടപരിഹാരത്തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയാലും കേസ് ജയിക്കില്ലെന്നും ജയചന്ദ്രന് പറഞ്ഞു.