തിരുവനന്തപുരം: കൃഷി പഠിക്കാന്‍ പോയി മുങ്ങിയ മലയാളിക്ക് പിന്നാലെ തീര്‍ത്ഥാടക സംഘത്തിലെ ആറ് മലയാളികളെകൂടി ഇസ്രായേലില്‍ കാണാതായി. അഞ്ചു സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെയാണ് കാണാതായത്. യാത്രയ്ക്ക് നേതൃത്വം നല്കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഇവര്‍ എടുത്തിട്ടില്ല.
ഈ മാസം എട്ടിനാണ് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യാത്രയെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരുന്നു യാത്ര. 14, 15 തീയതികളില്‍ താമസ സ്ഥലത്തുനിന്നുമാണ് മലയാളികള്‍ അപ്രത്യക്ഷരായതെന്നാണ് വിവരം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഹോട്ടലിലെത്തി ഇസ്രായേല്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.