തിരുവനന്തപുരം: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളാന്‍ വഴിയൊരുക്കിയത് ബിജെപി, യുഡിഎഫ് ധാരണ മൂലമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ട് മറിക്കാനുള്ള ഡീലിന്റെ തെളിവാണിത്. അധികാരം പിടിക്കാന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് അവിശുദ്ധ സഖ്യത്തിന് യുഡിഎഫ് നേതൃത്വം പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാണെന്നും എ വിജയരാഘവന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും നല്കിയ പത്രികകളാണ് തള്ളിയിരിക്കുന്നത്. ഉയര്‍ന്ന നേതാക്കളുടെ പത്രികകള്‍ തള്ളാന്‍ ബോധപൂര്‍വം വഴിയൊരുക്കിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് മതേതര സമൂഹത്തെ ഞെട്ടിപ്പിച്ചിരിക്കുന്നതാണ്. പച്ചയായ വര്‍ഗ്ഗീയ കൂട്ടുക്കെട്ടിന് കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് പകല്‍പോലെ തെളിയുകയാണ്.

മറ്റു മണ്ഡലങ്ങളിലെല്ലാം അതീവ ശ്രദ്ധയോടെ പത്രിക തയ്യാറാക്കി നല്കിയപ്പോള് ഇവിടെ അശ്രദ്ധയാണെന്ന് കരുതാന്‍ കഴിയില്ല. യുഡിഎഫുമായി ബിജെപിയും കോണ്‍ഗ്രസും നടത്തിയ രാഷ്ട്രീയ ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്ന് എ വിജയരാഘവന് പറഞ്ഞു.


