രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിന് ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. 137 കോടി വാക്സിന് ഇതുവരെ നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്. സൈകോവ്- ഡിക്ക് പുറമെ രണ്ട് പുതിയ വാക്സിനുകള്‍ കൂടി പരിഗണനയിലുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ 170 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര (54), ഡല്‍ഹി (28), തെലങ്കാന (20), രാജസ്ഥാന് (17), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തര്‍പ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമബംഗാള്‍ (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഒമിക്രോണ്‍ ബാധിച്ചവരില്‍ 14 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 80 ശതമനം കേസുകളും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച 44 പേര്‍ക്ക് രോഗം ഭേദമായി. ആര്‍ക്കും ഗുരുതരാവസ്ഥയില്ലെന്നും ഒമിക്രോണ്‍ ഭാവിയില്‍ ഉണ്ടാക്കുന്ന ഭീഷണികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ ലോകരാജ്യങ്ങളില്‍ യു.കെയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 12,133 പേര്‍ക്ക് യു.കെയില്‍ രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോണ്‍ രോഗികളുടെ എണ്ണം 37,101 ആയി ഉയര്‍ന്നു.