തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസും എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തില്‍. ഇതില്‍ ഒരാള്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മറ്റേയാള്‍ ഒരു സുപ്രധാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്നതാണ്. നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഉന്നത ഉദ്യോഗസ്ഥനെ ഒരു തസ്കിക സൃഷ്ടിച്ച് അവിടേക്ക് മാറ്റുകയായിരുന്നു.
കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായ ഇവരെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, ഇവരെക്കുറിച്ചുള്ള വിവരങ്ങളോ ഇവര്‍ക്ക് കേസുമായി ഏതുതരത്തിലുള്ള ബന്ധമാണുള്ളത് തുടങ്ങിയ കാര്യങ്ങളോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടില്ല. എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അതിനുശേഷമാവും ഈ രണ്ട് ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതല്‍ അന്വേഷണം എന്നും സൂചനയുണ്ട്.
കള്ളപ്പണം വെളിപ്പിക്കലിന് പിന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തില്‍ കോടതിയെ ഇ.ഡി അറിയിച്ചുവെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വിവരം കൂടി പുറത്തുവന്നത്.


