കായംകുളത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ചു. വൈദ്യന് വീട്ടില്‍ സിയാദ് ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘട്ടനത്തില്‍ പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. പ്രതികളെ ഉടന്‍ പിടികൂടണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 10 മണിയോടെ ഫയര്‍സ്റ്റേഷനു സമീപത്ത് വച്ചാണ് സിയാദിനു നേരെ ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കുത്തേറ്റ് റോഡില്‍ കിടന്ന സിയാദിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂടെ ഉണ്ടായ സുഹൃത്തിനും പരുക്കേറ്റു. സിയാദിന്റെ കരളില്‍ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. നിരവധി കേസുകളില്‍ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊല നടത്തിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
കൊല്ലപ്പെട്ട സിയാദും മുജീബും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി മുജീബ് മയക്കുമരുന്നു ഉള്‍പ്പടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സിപിഐഎം പ്രവര്ത്തകന് കൂടിയ സിയാദ് ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇക്കാരണത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. മുജീബിനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സിയാദ് മത്സ്യവ്യാപാരിയായിരുന്നു.


