പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. രണ്ടാം പിണറായി മന്ത്രിസഭയില്‍ വീണ ജോര്‍ജിനെ ആരോഗ്യ മന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎല്‍എയായ വീണ ജോര്‍ജിനെ പരിഗണിച്ചത്. ആറന്മുളയില് നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്.
തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യ മന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍.
വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. എംവി ഗോവിന്ദന് മാസ്റ്ററെ വ്യവസായ വകുപ്പിലേക്ക് പരിഗണിക്കും എന്നായിരുന്നു സൂചന. ഇപി ജയരാജന് കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആര് ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന് മാസ്റ്ററേയും തെരഞ്ഞെടുത്തു.
വിഎന്‍ വാസവന് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് സിപിഐഎം ഏറ്റെടുത്തു. ഇതോടെ എകെ ശശീന്ദ്രന് മറ്റൊരു വകുപ്പ് നല്‍കും. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു. ഐഎന്‍എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യും.
കേരള കോണ്‍ഗ്രസിന്റെ മന്ത്രി റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പ് നല്കി. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയാണ് റോഷി അഗസ്റ്റിന്. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടര്‍ന്നേക്കും. ഫിഷറീസ് സാംസ്ക്കാരികം സജി ചെറിയാന് കൈകാര്യം ചെയ്യും.